ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് എം.എ യൂസുഫലി
ഗ്യാങ്‌സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ലുലുവിനൊപ്പം നിന്ന ഓരോ ജീവനക്കാരേയും നേരിട്ട് സന്ദര്‍ശിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നന്ദി രേഖപ്പെടുത്തി. ജീവനക്കാരുടെ സുഖവിവരങ്ങള്‍ തിരക്കാനും അദ്ദേഹം മറന്നില്ല. ഓരോ ജീവനക്കാരേയും നേരിട്ട് കണ്ടാണ് എം.എയൂസഫലി സുഖവിവരങ്ങള്‍ തിരക്കിയത്.
നിങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും എന്നെ ധൈര്യമായി അറിയിക്കണമെന്നും ഞാന്‍ എപ്പോഴും നിങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുമെന്നും ജീവനക്കാരോട് എം.എ യൂസഫലി വ്യക്തമാക്കി. 25 വര്‍ഷക്കാലമായി ലുലുവില്‍ ജോലി ചെയ്യുന്ന ചൈനീസ് ദമ്പതികളേയും അവിടെ തന്നെ ജോലി ചെയ്യുന്ന അവരുടെ മകനേയും എം.എ യൂസുഫലി സന്ദര്‍ശന വേളയില്‍ അനുമോദിച്ചു. 25 വര്‍ഷമായി നമുക്കൊപ്പം ജോലി ചെയ്യുകയാണ് ഇവര്‍. എല്ലാ ആശംസകളും നേരുന്നു. വീട്ടിലേക്ക് ചിലവിന് കൊടുക്കുമോ എന്ന ചോദ്യത്തിന് പിതാവിന് പണം കൊടുക്കാറില്ല അമ്മയുടെ കയ്യില്‍ പണം നല്‍കും എന്നായിരുന്നു ദമ്പതികളുടെ മകന്‍ എം.എ യൂസഫലിയോട് മറുപടി നല്‍കിയത്.
ചൈനയിലെ ഗ്യാങ്‌സുവിലുള്ള ലുലു ഗ്രൂപ്പ് ആസ്ഥാനം എക്‌സ്‌പോര്‍ട്ടിങ് റീട്ടെയില്‍ രംഗത്തേക്ക് തുറന്നു പ്രവര്‍ത്തിച്ച് 25 വര്‍ഷം പിന്നിടുകയാണ്. 2002 ഫെബ്രുവരി 28നാണ് ചൈനയില്‍ ലുലു ഫുഡ് ലോജിസ്റ്റിക്ക് കേന്ദ്രവും പാക്കിങ് യൂണിറ്റും ആരംഭിക്കുന്നത്. ആഗോളതലത്തിലുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ഗ്യാങ്‌സുവിലുള്ള ലുലു യൂണിറ്റിലൂടെ നടത്തിവരുന്നു.