പിടികിട്ടാപ്പുള്ളിയെ 31 വർഷത്തിനു ശേഷം  ചെങ്ങന്നൂർ പോലീസ് പിടികൂടി

0
CHENGA
ചെങ്ങന്നൂർ: ചെറിയനാട് അരിയന്നൂർശ്ശേരി ഭാഗത്ത് കുട്ടപ്പപ്പണിക്കർ എന്ന വൃദ്ധനെ കല്ലു കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായ പരിക്കുകൾ ഏൽപിച്ച് കൊലപ്പെടുത്തിയതിന് 1994 നവംബർ 19 ന് ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ  ജയപ്രകാശ് (57) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.   പ്രതി ഇപ്പോൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം വീടിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.  15-11-1994 തീയതി വൈകിട്ട് 07:15 മണിയോടെ വീടിനു സമീപത്ത് കനാൽ റോഡിൽ വെച്ച് പ്രതി 71 വയസ്സുണ്ടായിരുന്ന വൃദ്ധനെ ഉപദ്രവിക്കുകയായിരുന്നു.  ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ വൃദ്ധൻ 04-12-94 തീയതി കാലത്ത് മരണപ്പെട്ടു.   സംഭവത്തിനു ശേഷം ബോംബെക്ക് പോയ പ്രതി വൃദ്ധൻ മരിച്ചതറിഞ്ഞ് സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയായിരുന്നു.  പോലീസ് അന്വേഷണവേളയിൽ പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാതിരുന്നതിനാൽ ഒളിവിലുള്ള പ്രതിക്കെതിരെ 30-04-1997 തീയതി കുറ്റപത്രം ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അതിനു ശേഷം കോടതി നിരവധി തവണ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതി ഒളിവിൽ തുടർന്നു വന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.  പിന്നീട്  1999 ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ  എസ് ഐ പ്രദീപ് എസ്, സി.പി.ഒ. മാരായ ബിജോഷ് കുമാർ, വിബിൻ. കെ. ദാസ് എന്നിവരുൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു.  കേസിലെ സംഭവത്തിനു ശേഷം പ്രതിയുടെ സഹോദരിയും സഹോദരനും വീടും വസ്തുക്കളും വിറ്റ് വിവിധ സ്ഥലങ്ങളിലേക്ക് മാറിപ്പോയിരുന്നു.  അന്വേഷണസംഘം പ്രതിയുടെ സഹോദരി താമസിക്കുന്ന കാസർഗോ‍‍‍‍ഡ് കാഞ്ഞങ്ങാടും, പ്രതിയുടെ ജ്യേഷ്ടൻ താമസിക്കുന്ന പൂനെയിലും അന്വേഷണം നടത്തിയാണ് ഇയാൾ ഗൾഫിലാണെന്ന് കണ്ടെത്താനായത്.  തുടർന്നുള്ള രഹസ്യാന്വേഷണത്തിൽ ഇയാൾ ചെന്നിത്തല കാരാഴ്മ ഭാഗത്തു നിന്ന് വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു.
ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തേത്തുടർന്ന്  ചെന്നിത്തല ഭാഗത്ത് ഒരു കാഞ്ഞങ്ങാട്ടുകാരൻ വിവാഹം കഴിച്ച് താമസിക്കുന്ന വിവരം ലഭിച്ച അന്വേഷണ സംഘം പ്രതിയുടെ നിലവിലെ വിലാസവും വീടും കണ്ടെത്തിയ ശേഷം ഗൾഫിൽ നിന്നും അവധിക്കു വന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.   28 വർഷമായി വിസ്താരം മുടങ്ങിയ നിലയിലായിരുന്ന കേസിന് പ്രതിയുടെ അറസ്റ്റോടെ ജീവൻ വെച്ചു.  ഇനി കേസ് വിസ്താരമാരംഭിക്കും.  പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘാംഗങ്ങളെ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐ.പി.എസ് അഭിനന്ദിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *