പ്രമേഹം നിയന്ത്രിക്കാൻ എളുപ്പവഴികൾ: ഉലുവ വെള്ളം, കറുവാപ്പട്ട, നെല്ലിക്ക

0

ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം ഇന്ത്യയ്ക്കുണ്ട് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറയുന്നു. ജൂൺ 2023 ൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ പ്രീഡയബറ്റിക് അവസ്ഥയിലാണുളളത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ കണക്കുകള്‍ സൂചന നൽകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിൽ തന്നെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാവുന്നതാണ് ഇതെങ്ങനെ എന്നറിയാം.

∙ ദിവസവും കഴിക്കാം ബദാം
പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി പതിനഞ്ചോളം അവശ്യപോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബദാം സഹായിക്കും. ദിവസവും 30 ഗ്രാം ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും. യാത്ര ചെയ്യുമ്പോൾ ഉൾപ്പെടെ എല്ലായ്‌പ്പോഴും ബദാം കയ്യിൽ കരുതുക. ഏറെ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണിത്.

Representative Image. Photo Credit : MachineHeadz / iStockPhoto.com

∙മുഴുധാന്യങ്ങൾ ശീലമാക്കാം
നാരുകൾ ധാരാളം അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുഴുധാന്യങ്ങൾക്കു കഴിയും. ഇത് അന്നജത്തിന്റെ ആഗിരണവും ദഹനവും സാവധാനത്തിലാക്കും. രക്തത്തിലേക്ക് ഗ്ലൂക്കോസ് വളരെ സാവധാനത്തിൽ കലരുന്നതിനാൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ തടയുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല, മുഴുധാന്യങ്ങളിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.

∙ഉലുവ വെള്ളം കുടിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സോല്യുബിൾ ഫൈബർ ധാരാളമുള്ള ഉലുവ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സാധിക്കും. ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിരാൻ ഇടുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക.

Representative image. Photo Credit: anatchant/istockphoto.com

∙കുടിക്കാം നെല്ലിക്കാ ജ്യൂസ്
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം ഉള്ള നെല്ലിക്ക, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇൻസുലിന്റെ ഉൽപാദനത്തെ നിയന്ത്രിച്ച്, പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക സഹായിക്കും. ചെറിയ അളവ് നെല്ലിക്കാ ജ്യൂസ് വെജിറ്റബിൾ സ്മൂത്തിയിൽ ചേർന്ന് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായകമാണ്.

∙കറുവാപ്പട്ട
കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നു. ഇത് കോശങ്ങളിലെത്തുന്ന ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നു. ചായയിലോ കാപ്പിയിലോ സ്മൂത്തിയിലോ ഒരു നുള്ള് കറുവാപ്പട്ട ചേർക്കുന്നത് ഏറെ ഗുണകരമാണ്.

bitter-gourd

∙പാവയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കും. പാവയ്ക്ക ജ്യൂസ് ചെറിയ അളവിൽ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ച ഒരു മാർഗമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഈ മാർഗങ്ങൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ഈ ഭക്ഷണം ദിവസവും ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനു പുറമെ ആരോഗ്യവും മെച്ചപ്പെടുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *