പ്രണയം തകർന്നു ,പ്രതികാരം വളർന്നു :തേജസ്സിൻ്റെ ഇരയാകാൻ വിധിക്കപ്പെട്ടത് ഫെബിനും പിതാവും

കൊല്ലം: കൊല്ലം നഗരത്തിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ പ്രണയം തകർന്നതിലെ പകയെന്ന് പൊലീസ്. കുത്തേറ്റ് മരിച്ച ഫെബിൻറ സഹോദരിയും പ്രതി തേജസും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ധാരണയിലെത്തിയ വിവാഹത്തിൽ നിന്ന് പിന്മാറി യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് തേജസ് വീട്ടിലെത്തിയത്. തേജസിൽ നിന്ന് യുവതിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകി.നാടിനെ നടുക്കിയ കൊലക്കും ആത്മഹത്യക്കും പിന്നിൽ ബന്ധത്തിലെ തകർച്ച. ബിടെക് ബിരുദധാരിയായ നീണ്ടകര സ്വദേശി തേജസ് രാജും ഉളിയാകോവിൽ സ്വദേശി ഫെബിൻ ജോർജ്ജ് ഗോമസിൻറെ സഹോദരിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്. സൗഹൃദകൂട്ടായ്മയിലൂടെ അടുപ്പം വളർന്നു. ബാങ്കിംഗ് കോച്ചിംഗിനിടെെ ബന്ധം ദൃഢമാകുകയും ഇരുവീട്ടുകാരും വിവാഹത്തിന് ധാരണയിലുമെത്തി.ഇതിനിടെ യുവതിക്ക് ബാങ്കിൽ ജോലി കിട്ടിയതിന് പിന്നാലെ ബന്ധത്തിൽ വിള്ളൽ വീണു. യുവതിക്ക് രക്ഷിതാക്കൾ മറ്റൊരു വിവാഹം ഉറപ്പിച്ചുവെന്ന അറിഞ്ഞ തേജസ് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് എഫ്ഐആർ. യുവതി ജോലി ചെയ്യുന്ന കോഴിക്കോട് പോയി തേജസ് ഭീഷണി മുഴക്കി എന്നാണ് പെൺകുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴി . യുവതിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് ആരും കാണാതിരിക്കാൻ ആണ് പർദ്ദ ധരിച്ചത്
രണ്ട് ലിറ്റർ പെട്രോളും കത്തിയുമായാണ് തേജസ് യുവതിയുടെ വീട്ടിലേക്ക് പോയത്. ഉച്ചയ്ക്ക് നീണ്ടകരയിലെ വീട്ടിൽ നിന്നും ഇറങ്ങിയ തേജസ്സ് വൈകുന്നേരം 6 മണിയോടുകൂടി പെൺകുട്ടിയുടെ വീടിൻറെ ഭാഗത്ത് എത്തി. ഏഴുമണിയോട് കൂടിയാണ് വീട്ടിനുള്ളിൽ കയറിയതും പെട്രോൾ ഒഴിച്ച് പെൺകുട്ടിയുടെ സഹോദരനെയും അച്ഛനെയും ചുട്ടുകരിക്കാൻ ശ്രമിച്ചത്. മൽപിടുത്തതിനിടെ കത്തികൊണ്ട് തേജസ് ഫെബിനെയും അച്ഛനെയും കുത്തി. അതിന് ശേഷമാണ് ചെമ്മാൻമുക്കിൽ റെയിൽവേ ട്രാക്കിലേക്ക് ചാടി മരിക്കുന്നത്.
ഫാത്തിമ മാതാ കോളോജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. ഡിസിആർബി ഗ്രേഡ് എസ് ഐ രാജുവിൻറെ മകനാണ് തേജസ്. തേജ സിന്റെയും ഷെബിൻ ജോർജിയും മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫെബിൻറ അച്ഛൻ ജോർജ്ജ് ഗോമസ് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.