ബീഹാറിൽ താമരോത്സവം, ചരിത്രക്കുതിപ്പുമായി ബിജെപി
ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക്ജനശക്തിപാര്‍ട്ടി 21 സീറ്റില്‍ ലീഡ് നേടി. മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മാഞ്ജിയുടെ എച്ച്എഎം അഞ്ചു മണ്ഡലങ്ങളിലും മുന്നിലാണ്.
മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന് 114 സീറ്റുകളാണ് ഉണ്ടായിരുന്നത്. കനത്ത തിരിച്ചടി നേരിട്ട മഹാസഖ്യത്തിന്റെ ലീഡ് 35 സീറ്റുകളില്‍ ഒതുങ്ങി. മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി 26 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് നാലിടത്തു മാത്രമാണ്. സിപിഐഎംഎല്‍ നാലിടത്തും, സിപിഎം ഒരിടത്തും ലീഡ് നേടിയിട്ടുണ്ട്
