ഹരിത കർമ്മസേനയുടെ സത്യസന്ധത: ഉടമയ്ക്ക് സ്വർണ്ണാഭരണങ്ങൾ തിരികെ കിട്ടി
കരുനാഗപ്പള്ളി: ഹരിത കർമ്മ സേനാംഗത്തിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് തിരികെ ലഭിച്ചത് സ്വർണാഭരണങ്ങൾ. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിനിടയിൽ ലഭിച്ച സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനു തിരികെ നൽകിയാണ് ഹരിത സേനാംഗം മാതൃകയായത്.
തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരിച്ചിരുന്നു. ഇവ കഴിഞ്ഞദിവസം തരംതിരിക്കുന്നതിനിടയിലാണ് സ്വർണ്ണം ഹരിത കർമ്മ സേനാഗം മഞ്ജുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഒരു ജോഡി കമ്മലും ഒരു മോതിരം, കമലിൻ്റെ ആണി എന്നിവ അടങ്ങിയ ആഭരണങ്ങൾ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരം അറിയിക്കുകയും വാർഡ് മെമ്പർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ശേഖരിച്ച വീടുകളിൽ അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥയായ ബീന പഞ്ചായത്തിലെത്തി ആഭരണങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങുകയായിരുന്നു. ഹരിത കർമ സേനാംഗത്തിന്റെ സത്യസന്ധതയെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,സെക്രട്ടറി ഡെമാസ്റ്റിൻ എന്നിവർ അഭിനന്ദിച്ചു.