മാന നഷ്ടം: ഡല്‍ഹി മുഖ്യമന്ത്രിക്കും സഞ്ജയ് സിങ്ങിനും കോടതി നോട്ടീസ്
ന്യൂഡൽഹി: മാനനഷ്‌ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും എഎപി എംപി സഞ്ജയ് സിങ്ങിനും കോടതി നോട്ടിസ്. മുൻ കോൺഗ്രസ് എംപി സന്ദീപ് ദീക്ഷിത് സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ് ഡൽഹി കോടതി നോട്ടിസയച്ചത്.
ജനുവരി 27-നകം മറുപടി നല്‍കണമെന്ന് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ ഇരുവരോടും നിർദേശിച്ചു. ജനുവരി 27ന് കേസില്‍ കൂടുതൽ വാദം കേൾക്കും.
സന്ദീപ് ദീക്ഷിത് ബിജെപിയിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതായി അതിഷിയും സഞ്ജയ് സിങ്ങും ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചതായി പരാതിയില്‍ പറയുന്നു. എഎപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചുവെന്നും പത്രസമ്മേളനത്തില്‍ ആരോപിച്ചതായി പറയുന്നുണ്ട്.
അതിഷിയും സഞ്ജയ് സിങ്ങും മനഃപൂർവം തന്നെ അപമാനിക്കാനാണ് പരാമര്‍ശം നടത്തിയത് എന്നാണ് സന്ദീപ് ദീക്ഷിതിന്‍റെ പരാതി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ സന്ദീപ് ദീക്ഷിതാണ് മത്സരിക്കുന്നത്.