വിഎസിനെ അവസാനമായി കാണാൻ ദർബാർ ഹാളിൽ നീണ്ട നിര,ആദരാഞ്ജലിഅർപ്പിക്കാൻ ജനപ്രവാഹം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു. രാവിലെ 8.45ഓടെയാണ് ബാട്ടൻഹില്ലിലെ വീട്ടിൽ നിന്ന് മൃതദേഹം കൊണ്ടുവന്നത്. സെക്രട്ടേറിയറ്റിലേക്ക് എത്താൻ അരമണിക്കൂറോളം സമയമെടുത്തു.
ദർബാർ ഹാളിലെത്തിച്ച മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖർ റീത്ത് സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ദേശീയപാതയിലൂടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലും തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് 3 മണിക്ക് വലിയ ചുടുകാട്ടിൽ സംസ്കരിക്കും.
വിഎസിൻ്റെ ഭൗതിക ശരീരം വഹിച്ചുക്കൊണ്ടു പോകാൻ തയ്യാറാക്കി നിറുത്തിയിരിക്കുന്ന ബസ്
വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ വഴി ദേശീയപാതയിൽ പ്രവേശിക്കും. പിന്നീട് അതുവഴിയാകും ആലപ്പുഴ വരെയുള്ള ബസിൻ്റെ സഞ്ചാരം. തിരുവനന്തപുരം ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്തുനിന്നാകും വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിക്കുക. കൊല്ലം ജില്ലയിൽ 27 കേന്ദ്രങ്ങളിൽ ജനങ്ങൾ വിലാപയാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കും.പാതയോരങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ കാത്ത് വലിയ ജനക്കൂട്ടമാണ് രാവിലെമുതലുള്ളത് .