പറക്കുന്നതിനിടെ ആകാശത്ത് വെച്ച് വിമാനത്തിൽ അടിയന്തര സാഹചര്യം; ക്യാബിൻ മാനേജർ മരിച്ചു

റിയാദ്: പറക്കുന്നതിനിടെ വിമാനത്തിൽ വെച്ച് ക്യാബിൻ മാനേജർ മരിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി . ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനമാണ് അടിയന്തരമായി വഴിതിരിച്ചു വിട്ടത്. വിമാനം കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. എസ് വി119 വിമാനമാണ് കെയ്റോ എയർപോർട്ടിൽ ലാൻഡ് ചെയ്തത്.
ജൂൺ 26നാണ് സംഭവം. സൗദി എയർലൈൻസ് വിമാനത്തിലെ ക്യാബിൻ മാനേജരായ മൊഹ്സെൻ ബിൻ സഈദ് അൽസഹ്റാനിക്ക് വിമാനത്തിനുള്ളിൽ വെച്ച് അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. വിമാനം കെയ്റോ എയർപോർട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ഏകോപനം പുരോഗമിക്കുകയാണെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു