ലോക് സഭ തിരഞ്ഞെടുപ്പും, നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒന്നിച്ച്;ഇലക്ഷൻ കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എട്ട് സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്ന ജൂൺ നാലിന് തന്നെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.
ഏഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് എട്ട് സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുക.ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 19നാണ് ത്രിപുര, തമിഴ്നാട് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതെങ്കിൽ, ഏപ്രിൽ 26നാണ് രണ്ടാംഘട്ട മഹാരാഷ്ട്ര, രാജസ്ഥാൻ തിരഞ്ഞെടുപ്പ് നടക്കുക.എന്നാൽ മെയ് മൂന്നിന് നടക്കുന്ന മൂന്നാംഘട്ടത്തിൽ ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലും മെയ് 13ന് നടക്കുന്ന നാലാംഘട്ടത്തിൽ ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും മെയ് 20ന് നടക്കുന്ന അഞ്ചാംഘട്ടത്തിൽ ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മെയ് 25ന് നടക്കുന്ന ആറാംഘട്ടത്തിൽ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ജൂൺ ഒന്നിന് നടക്കുന്ന ഏഴാംഘട്ടത്തിൽ ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടാതെ, നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിന് തന്നെയാണ് ഫലപ്രഖ്യാപനം.