ആശാ വർക്കർമാർക്ക് പ്രതിഫലമുയര്‍ത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍; തടഞ്ഞാൽ കോടതിയിൽ പോകുമെന്ന് അധ്യക്ഷന്മാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം 48-ാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചതിന്‍റെ ചുവടു പിടിച്ചാണ് കൂടുതല്‍ യുഡിഎഫ്, ബിജെപി പഞ്ചായത്തുകള്‍ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം വര്‍ധന പ്രഖ്യാപിച്ചത്.
അതേസമയം, ഇതൊക്കെ തട്ടിപ്പാണെന്നും വര്‍ധനവിന് നിയമ സാധുതയില്ലെന്നുമുള്ള തദ്ദേശ ഭരണ മന്ത്രി എംബി രാജേഷിന്‍റെ പ്രസ്‌താവനയെയും യുഡിഎഫ് തദ്ദേശ ഭരണ അധ്യക്ഷന്‍മാര്‍ തള്ളി. തനത് ഫണ്ടില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പഞ്ചായത്തിന്‍റെ അധികാരത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ വൈരത്തോടെ കൈകടത്തിയാല്‍ അതിനെ നിയമപരമായി നേരിടുമെന്നും അധ്യക്ഷന്‍മാര്‍ അറിയിച്ചു. പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ വ്യക്തമാക്കി.
ഇതുവരെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധന പ്രഖ്യാപിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇവയാണ്:
കാസര്‍കോട് ജില്ല
ബദിയടുക്ക പഞ്ചായത്ത് – 2,000 രൂപ
ചെങ്കള പഞ്ചായത്ത് – 2,000 രൂപ
കണ്ണൂര്‍ ജില്ല
കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 2,000 രൂപ
പാലക്കാട് ജില്ല
മണ്ണാര്‍ക്കാട് നഗരസഭ – 2,100 രൂപ
പാലക്കാട് നഗരസഭ – 1,000 രൂപ
എലപ്പുള്ളി പഞ്ചായത്ത് – 1,000 രൂപ
കരിമ്പുഴ പഞ്ചായത്ത് – 1,000 രൂപ
മലപ്പുറം ജില്ല
വളവന്നൂര്‍ പഞ്ചായത്ത് – 2,000 രൂപ
മഞ്ചേരി നഗരസഭ – 1,500 രൂപ
വളാഞ്ചേരി നഗരസഭ – 1,000 രൂപ
കോഴിക്കോട് ജില്ല
പെരുവയല്‍ പഞ്ചായത്ത് – 2,000 രൂപ
കോടഞ്ചേരി പഞ്ചായത്ത് – 1,000 രൂപ
എറണാകുളം ജില്ല
മരട് നഗരസഭ – 2,000 രൂപ
പെരുമ്പാവൂര്‍ നഗരസഭ – 2,000 രൂപ
വാരപ്പെട്ടി പഞ്ചായത്ത് – 1,500 രൂപ
ഏഴിക്കര പഞ്ചായത്ത് – പ്രഖ്യാപിച്ചു. തുക നിശ്ചയിച്ചില്ല
കോട്ടയം ജില്ല
മുത്തോലി പഞ്ചായത്ത് – 7,000 രൂപ
കോട്ടയം നഗരസഭ – 2,000 രൂപ
വൈക്കം നഗരസഭ – 1000 രൂപ
പത്തനംതിട്ട ജില്ല
വെച്ചൂച്ചിറ പഞ്ചായത്ത് – 2,000 രൂപ
കോന്നി പഞ്ചായത്ത് – 2,000 രൂപ
തോട്ടപ്പുഴശേരി പഞ്ചായത്ത് – 1,000 രൂപ
എഴുമറ്റൂര്‍ പഞ്ചായത്ത് – 595 രൂപ
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍ നഗരസഭ – 2,000 രൂപ
ഇതില്‍ കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തും പാലക്കാട് നഗരസഭയും ബിജെപിയാണ് ഭരിക്കുന്നത്. ബാക്കി പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫുമാണ്.