തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തൃശൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
തിരുവനന്തപുരം : വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു. ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ ജയിച്ചു. ഭരണമാറ്റത്തിനു വഴിയൊരുക്കുന്നതല്ല തിരഞ്ഞെടുപ്പു ഫലം. തലശ്ശേരി നഗരസഭ വാർഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശൻ 237 വോട്ടുകൾക്ക് ജയിച്ചു. പടിയൂർ–കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിൽ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാർഡിൽ സിപിഎമ്മിലെ എം.ലീല 188 വോട്ടുകൾക്കു ജയിച്ചു.
മലപ്പുറം
ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാർഥിയാണു ഇവിടെ ജയിക്കുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയും മലപ്പുറം നഗരസഭയിൽ മുസ്‌ലിം ലീഗും സിറ്റിങ് സീറ്റ് നിലനിർത്തി. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല.
ആലപ്പുഴ
ജില്ലയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സജു തോമസ് 120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാമങ്കരി ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ബി.സരിൻ കുമാർ ഒൻപതു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ ബിജെപി സ്ഥാനാർഥി ഒ.ടി. ജയമോഹൻ വിജയിച്ചു. 107 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി.
തൃശൂർ
പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. 947 പോൾ ചെയ്ത വോട്ടിൽ 556 വോട്ട് ബിജെപി. എസ്‌ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എൽഡിഎഫ് നാലാം സ്ഥാനത്തുമാണ്. സീറ്റ് നില: എൽഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 2, എസ്ഡിപിഐ 2, സ്വത 1. സ്വതന്ത്രനെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരിക്കുന്നു.
എറണാകുളം
ജില്ലയിൽ ചൂർണിക്കര പഞ്ചായത്ത് ഒൻപതാം വാർഡിൽ 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.കെ.ഷെമീർ ലാല (യുഡിഎഫ്) വിജയിച്ചു. യുഡിഎഫ് തന്നെയാണു പഞ്ചായത്ത് ഭരിക്കുന്നത്. വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡും യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷുക്കൂർ പാലത്തിങ്കൽ 105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പക്ഷേ, എൽഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ പഞ്ചായത്തിൽ യുഡിഎഫിന് ആ വിഭാഗത്തിൽനിന്ന് അംഗമില്ലാത്തതാണു കാരണം. എൽഡിഎഫ് ഭരിക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ 8–ാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. രതി ബാബു വിജയിച്ചു.