കടം വാങ്ങിയ പണം നൽകാൻ വിളിച്ചുവരുത്തി; അയൽവാസിയുടെ വലതുകാൽ അടിച്ചൊടിച്ചു
പുൽപള്ളി∙ കടം വാങ്ങിയ തുക മടക്കി നൽകാമെന്ന് അറിയിച്ച് വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചൻ) വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈടു വച്ച് അയൽവാസിയായ പുതുശേരിയിൽ റോജി കെഎസ്എഫ്ഇയിൽ നിന്നു ലക്ഷക്കണക്കിന് തുക വായ്പയെടുത്തിരുന്നു. കൂടാതെ വേറെയും തുക വായ്പയായി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചെങ്കിലും നൽകാൻ റോജി തയാറായില്ല. ഇതു സംബന്ധിച്ച തർക്കത്തിനൊടുവിലാണ് റോജി, ജോയിയെ വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചത്.
ബുധനാഴ്ച രാവിലെ ആറരയോടെ ജോയി സ്കൂട്ടറിൽ റോജിയുടെ വീട്ടിലെത്തി. ജോയി വരുന്നതു കാത്തിരുന്ന റോജി ആദ്യം വാനിടിച്ച് ജോയിയെ വീഴ്ത്തി. തുടർന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവർ രജ്ഞിത്തും തൂമ്പ കൊണ്ട് ജോയിയുടെ കാൽ അടിച്ചൊടിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുൽപള്ളി പൊലീസ് ജോയിയെ ആശുപത്രിയിലെത്തിച്ചു.
റോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികൾ ഉയർന്നതായാണ് വിവരം.