കേരള സഭാ പ്രതിനിധികളുടെ ഇടപെടൽ : മിനി എയർ ആംബുലൻസിൽ നാട്ടിലെത്തും

മലേഷ്യ: മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴാം തീയതി പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. മിനിയെ തുടർച്ചായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടേറിയേറ്റുമായി ബന്ധപ്പെട്ടത്.
മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികൾക്ക് വിവരം കൈമാറി. ലോക കേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിൻറെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി ഇരുപത്താറ് ഇരുപത്താറ് ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്റിലേറ്ററിൻറെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാർ പൊതുവാളും ചേർന്ന് പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. നിലവിൽ മിനിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ തുടർന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ ഫലമായി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനും അവസരമൊരുങ്ങിക്കഴിഞ്ഞു. മെയ് 22 ന് രാത്രി ക്വലാലമ്പൂരിൽ നിന്നും മലേഷ്യൻ എയർലൈൻസിൻറെ പ്രത്യേക എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. തുടർ ചികിത്സകൾക്കായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എറണാംകുളം മെഡിക്കൽ എറണാംകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കഴിഞ്ഞു.