ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ
തിരുവനന്തപുരം∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും പ്രതികരിച്ചു. ചോദ്യംചെയ്യൽ പൂർത്തിയായി. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ജയസൂര്യയെ വിട്ടയച്ചത്. 2018ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചുവെന്നാണ് ആലുവ സ്വദേശിയായ നടിയുടെ പരാതി.
‘‘അങ്ങനെ വലിയൊരു ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടന്നിരുന്നില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പാട്ടിന്റെ ചിത്രീകരണം രണ്ടു മണിക്കൂർ നീണ്ടിരുന്നു. അതിൽ അവർക്കത്ര റോളും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വരാം. എനിക്കു മറുപടി പറയാനുള്ള സ്പേസ് കിട്ടുന്നുണ്ട്.
സാധാരണക്കാരനാണെങ്കിൽ എന്താണു സംഭവിക്കുക?. അയാളുടെ കുടുംബം തകരില്ലേ? കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകരില്ലേ? ഇതൊരു അവസാന സംഭവമാകട്ടെ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്നാണ് എനിക്കു തോന്നുന്നത്. മുൻകൂർജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമല്ലോ. അകത്തുപറഞ്ഞ കാര്യം എനിക്കു പുറത്തുപറയാനാകില്ല.
ആരോപണം പൂർണമായും നിഷേധിക്കുന്നു. ചാരിറ്റിയും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ സുഹൃത്തുക്കളാകണമെന്നില്ലല്ലോ. കണ്ടുപരിചയം ഉണ്ട്. അവരെന്തു പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ ഞാൻ. അവരുമായി ഒരു സൗഹൃദവുമില്ല. 2018ലും 2019ലും മറ്റും ഞാൻ വലിയ സഹായങ്ങൾ നൽകുന്നയാളാണെന്ന തരത്തിൽ അവർ പോസ്റ്റ് ഇട്ടിരുന്നല്ലോ.’’– ജയസൂര്യ പറഞ്ഞു.
2013ൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എടുത്തിരിക്കുന്ന കേസും അടിസ്ഥാനരഹിതമാണെന്ന് ജയസൂര്യ പറഞ്ഞു. ആ സിനിമ 2013ൽ അല്ല ഷൂട്ട് ചെയ്തത്. എല്ലാ ആരോപണങ്ങൾക്കുമെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ജയസൂര്യ വ്യക്തമാക്കി. കൂടുതൽ ചോദ്യങ്ങളോടു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.