സാഹിത്യ സംവാദം : ഉദയകുമാർ മാരാർ ‘ചരിത്രത്തിലെ വൈചിത്ര്യങ്ങൾ’ അവതരിപ്പിച്ചു
കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ ഡിസംബർ മാസ ‘ സാഹിത്യസംവാദ’ത്തിൽ , മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉദയകുമാർ മാരാർ വിശ്വ സാഹിത്യത്തിലെ പ്രഗൽഭരായ എഴുത്തുകാരുടെ ജീവിതത്തെ ആസ്പദമാക്കി ‘ചരിത്രത്തിലെ വൈചിത്ര്യങ്ങൾ’ എന്ന പ്രബന്ധം അവതരിപ്പിച്ചു.
ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടന്ന പരിപാടിയിൽ കവി ശ്രീരാജ് മേനോൻ അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് ലളിതാമേനോൻ ചർച്ച ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെ ജീവിതം വൈരുദ്ധ്യങ്ങൾ നിറഞ്ഞതു തന്നെയാണ് അത് ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു എന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ലളിതാ മേനോൻ പറഞ്ഞു.
വിശ്വാസ സാഹിത്യത്തിലെ എഴുത്തുകാരുടെ സൃഷ്ടികളെപ്പോലെ തന്നെ അവരുടെ ജീവിതത്തിലെ വൈചിത്രങ്ങളും വിസ്മയിപ്പിക്കുന്നതാണെന്ന് മനോജ് സമന്വയ അഭിപ്രായപ്പെട്ടു. കല്യാൺ സാംസ്കാരിക വേദിയിലെ ചർച്ചകളിൽ സംസാരിക്കുമ്പോൾ വീട്ടിൽ സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നതുപോലെ അനായാസമായി സംസാരിക്കാൻ സാധിക്കുന്നു എന്ന് മനോജ് കൂട്ടിച്ചേർത്തു.
വിശ്വ സാഹിത്യത്തിലെ എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ച് ഉദയകുമാർ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം വിശ്വ സാഹിത്യകാരന്മാരുടെ കൃതികൾ ചർച്ചചെയ്യുന്നതിനുമപ്പുറം എഴുത്തുകാരുടെ ജീവിതത്തിൽ ചുഴിഞ്ഞു നോക്കുന്നതിൻ്റെ ധാർമിക പ്രശ്നം വായനക്കാർ ഉയർത്തിക്കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് സന്തോഷ് പല്ലശ്ശന സംശയം പ്രകടിപ്പിച്ചു.
പ്രകാശനം കാത്തിരിക്കുന്ന ഉദയകുമാറിന്റെ പുസ്തകം ഏതു ഗണത്തിലാണ് പെടുത്തേണ്ടത് എന്ന സന്ദേഹമാണ് കെവിഎസ് നെല്ലുവായി പങ്കുവെച്ചത്.
പ്രബന്ധം ഏറെ വിജ്ഞാനപ്രദവും അതിലേറെ വായനക്കാരിൽ ജിജ്ഞാസ ഉണ്ടാക്കുന്നതുമാണെന്ന് നന്ദകുമാർ അഭിപ്രായപ്പെട്ടു.ചർച്ചകളിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഉദയകുമാർ മാരാർ മറുപടി പറഞ്ഞു.
ടി എസ് എലിയറ്റിനെ പോലെയുള്ള എഴുത്തുകാരുടെ എഴുത്തും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ മാത്രമല്ല സാഹിത്യം കൂടാതെ വിവിധ മേഖലകളിലെ പ്രതിഭകളുടെ ജീവിതത്തിലെ വിസ്മയകരമായ മുഹൂർത്തങ്ങൾ കൂടി തന്റേതായി വരാനിരിക്കുന്ന പുസ്തകത്തിൽ അടയാളപ്പെടുത്തുന്നുണ്ട് എന്ന് ഉദയകുമാർ തൻറെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാർക്ക് തന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ തീർച്ചയായും താല്പര്യം ഉണ്ടാകും. കെൻസാരോ വിവ, സിൽവിയ പ്ലാത്ത് തുടങ്ങിയ എഴുത്തുകാർക്ക് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട പ്രതികൂല സാഹചര്യങ്ങൾ കൂടി പുസ്തകം ചർച്ചചെയ്യുന്നുണ്ട്. 1948 ൽ ഗാന്ധിക്ക് ലഭിക്കേണ്ടിയിരുന്ന നോബൽ സമ്മാനം ലഭിക്കാതെ പോയി. ആ വർഷം സമാധാനത്തിന് ആർക്കും തന്നെ നോബൽ സമ്മാനം നൽകിയിരുന്നില്ല. അതിൽ നോബൽ സമ്മാന കമ്മിറ്റി ഖേദം പ്രഖ്യാപിക്കുകയുണ്ടായി. ഇതുപോലെയുള്ള നിരവധി ചരിത്ര വസ്തുതകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനക്കാർ സ്വീകരിക്കുമെന്ന് ഉദയകുമാർ പ്രത്യായാശ പ്രകടിപ്പിച്ചു.
ഇംഗ്ലീഷ് വ്യാകരണത്തെക്കുറിച്ച് ഉദയകുമാറിന്റെതായി ഡിസി ബുക്സ് ഒരു ബൃഹത് ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകം സ്വീകരിക്കപ്പെട്ടതു പോലെ ഉദയകുമാറിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ പുസ്തകവും ധാരാളം വായിക്കപ്പെടട്ടെ എന്ന് യോഗം ആശംസിച്ചു.
റിപ്പോർട്ട്: ദീപ രമേഷ്