പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ മത്സരം / വിജയികൾ :കണക്കൂർ ആർ സുരേഷ് കുമാർ & മേഘനാദൻ
മുംബൈ : വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ എഴുത്തകം – 2025 ഡിസംബർ 8 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ച ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5000 രൂപ കണക്കൂർ ആർ സുരേഷ് കുമാർ രചിച്ച ‘ഛപ്രിയിലെ കുരങ്ങുകൾ’എന്ന കഥയ്ക്കും രണ്ടാം സമ്മാനമായ 3000 രൂപ മേഘനാദൻ രചിച്ച ‘അമ്മയുടെ പ്രായമുള്ള സ്ത്രീ പറഞ്ഞത്’ എന്ന കഥയ്ക്കും ലഭിച്ചു. ശില്പശാലയിൽ വച്ച് സമ്മാനദാനം നടക്കും.
‘എഴുത്തകം – 2025 ‘സാഹിത്യകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാലസാഹിത്യ അവാർഡ് ജേതാവ് വി . സുരേഷ് കുമാർ, കവയിത്രി ബൃന്ദ പുനലൂർ എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ വച്ച് വി. സുരേഷ് കുമാർ രചിച്ച നോവൽ ‘ഡയാസ് പൊറ ‘, കലാശ്രീ നെല്ലുവായ് കെ എൻ പി നമ്പീശൻ രചിച്ച ‘നാട്യവാദ്യ സാർവ്വഭൗമം ‘എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും .ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും “മാധ്യമ രംഗത്തെ അപചയം” എന്ന വിഷയത്തിൽ ചർച്ചയും നടക്കും പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.
പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു. സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു വിശദവിവരങ്ങൾ രാജേന്ദ്രൻ കുറ്റൂർ 9930627906, ഉത്തംകുമാർ 9323528197എന്നീ നമ്പറുകളിൽ ലഭിക്കും