ദൈവങ്ങളുടെ പേരാണോ മൃഗങ്ങള്‍ക്കു നല്‍കുക: കല്‍ക്കട്ട ഹൈക്കോടതി.
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരുകള്‍ ഇട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാനും സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ദേശീയ നായകന്മാരുടെയും പേരാണോ ഇടുകയെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. സിംഹത്തിന് സീത എന്നു പേരിട്ടതിനെതിരെ വിഎച്ച്പി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.സിംഹങ്ങള്‍ക്കു പേരിട്ടത് ത്രിപുരയിലെ മൃഗശാലാ അധികൃതര്‍ ആണെന്നും ആ പേരു തന്നെ തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാൽ ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്കി വിവാദമുണ്ടാക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. ത്രിപുരയാണ് പേരു നല്കിയതെങ്കില് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അതു മാറ്റാവുന്നതേയുള്ളൂവെന്ന് കോടതി കുറ്റപ്പെടുത്തി.
മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു. വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ..? സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ..? സർക്കാർ അഭിഭാഷകന്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. സിംഹത്തിന് അക്ബർ എന്ന പേരിട്ടതും ശരിയല്ല. വേറെ എത്ര പേരുകൾ ഉണ്ടായിരുന്നു. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന് അവകാശമുള്ള രാജ്യമാണിത്. മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് കോടതി കൂട്ടിച്ചേർത്തു. അതേസമയം, സീത, അക്ബർ എന്ന് പേര് നൽകിയത് ത്രിപുര സർക്കാരാണെന്നും അതിൽ മിണ്ടാത്ത വിഎച്ച്പിയാണ് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു