അടുത്ത വർഷത്തോടെ സൗദിയിൽ മദ്യവിൽപ്പനക്ക് ലൈസൻസെന്ന വാർത്ത തെറ്റ് ; അധികൃതർ

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ മദ്യ വിൽപ്പനക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട സൗദി അധികാരികളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതും രാജ്യത്ത് നിലവിലുള്ള നയങ്ങളോ നിയന്ത്രണങ്ങളോ പ്രതിഫലിപ്പിക്കാത്തതുമായ തീർത്തും വാസ്തവ വിരുദ്ധവുമായ വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിദേശമാധ്യമങ്ങളിൽ വന്നതെന്ന് ഔദ്യോഗിക സോഴ്സുകളെ അവലംബിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാര മേഖലയുടെ വികസനം രാജ്യത്തിൻറെ വികസന കാഴ്ചപ്പാടിലെ ഒരു സുപ്രധാന ലക്ഷ്യമാണ്. സവിശേഷവും സാംസ്കാരികമായി ആഴത്തിലുള്ളതുമായ വിനോദസഞ്ചാര അനുഭവം സന്ദർശകർക്ക് നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും അനുഭവിച്ച് അറിയാൻ വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് സൗദി അറേബ്യയുടെ നിലവിലെ സമീപനം നന്നായി സ്വീകാര്യമാണ്.