നടപടി അട്ടിമറിച്ച് ഉദ്യോഗസ്ഥർ; നികുതിവെട്ടിപ്പ് തടയാൻ പഴയ വാഹനവിൽപ്പന കേന്ദ്രത്തിന് ലൈസൻസ്
പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള നീക്കം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. വന്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന് ചരക്ക് – സേവന നികുതിവകുപ്പ് കണ്ടെത്തിയ പഴയ വാഹനവില്‍പ്പനയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള സംവിധാനമാണ് ഇതോടെ പാളിയത്.
വാഹനവില്‍പ്പന കേന്ദ്രങ്ങള്‍ ഏപ്രിലിനുമുമ്പ് രജിസ്ട്രേഷന്‍ എടുക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഗതാഗതവകുപ്പിലുണ്ടായ മന്ത്രിമാറ്റത്തിനിടെ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ ഫയല്‍മുക്കിയെന്നാണ് ആക്ഷേപം. ഇത് ശരിവെക്കുന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നല്‍കുന്നത്.
നടപടികളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോജോ എം. തോമസ് നല്‍കിയിട്ടുള്ളത്. ആന്റണി രാജു മന്ത്രിയായിരിക്കെ ലൈസന്‍സ് സംവിധാനത്തിന് നടപടി ആരംഭിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നിരുന്നു. വില്‍പ്പന ഓണ്‍ലൈനാകുന്നതോടെ വിറ്റുവരവ് സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്ക് ലഭിക്കുമെന്നതായിരുന്നു എതിര്‍പ്പിനുള്ള പ്രധാന കാരണം.