സർക്കാർ പുറമ്പോക്ക് ഭൂമിയിൽ പാർക്കിംഗ് : വാഹന പുക പരിശോധന സ്ഥാപന ലൈസൻസ് റദ്ദു ചെയ്ത് മോട്ടോർ വാഹന വകുപ്പ്.
കുന്നത്തൂർ: സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ആ സ്ഥലം പാർക്കിങിനായി ഉപയോഗിച്ച് പാർക്കിംഗ് സൗകര്യമില്ലാതെ അനധികൃതമായി പ്രവർത്തിച്ച് വന്ന കുന്നത്തൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് സമീപം ചക്കുവള്ളിയിൽ പ്രവർത്തിച്ചിരുന്ന സെന്റ് മേരീസ് പുക പരിശോധന കേന്ദ്രമാണ് പരാതിയെ തുടർന്ന് ലൈസൻസ് റദ്ദു ചെയ്ത് നടപടി സ്വീകരിച്ചത്. കൂടാതെ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് മതിയായ പരിശീലനാം ലഭിക്കാത്തവരാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ സ്ഥാപനത്തിനെതിരെ വിവരാവകാശ പ്രവർത്തകൻ വി. ശ്രീകുമാർ നൽകിയ പരാതിയെ തുടർന്ന് മുൻപ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഈ സ്ഥാപനത്തിനെതിരെയുള്ള ന്യൂനതകൾ ചൂണ്ടി കാണിച്ചിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ശ്രീകുമാർ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ, കൊല്ലം ആർ. ടി. ഒ എന്നിവർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
പുക പരിശോധനാ കേന്ദ്രത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് വരികയായിരുന്ന സ്ഥാപന ഉടമ കുന്നത്തൂർ സബ് ആർ ടി ഒ പരിധിയിൽ മറ്റൊരു ഡ്രൈവിംഗ് സ്കൂൾ നടത്തി വരികയാണ്. പുക പരിശോധനാ സ്ഥാപനത്തിന് മുൻവശം പാർക്കിംഗ് ഉണ്ടായിരിക്കണമെന്നിരിക്കെ അത് ഇല്ലാതെയാണ് ഈ സ്ഥാപനം ചക്കുവള്ളിയിൽ പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിന് പുതിയ ലൈസൻസ് അനുവദിച്ച് നൽകിയ സമയത്ത് നടത്തിയ പരിശോധനയിൽ സ്ഥാപന ഉടമ വ്യാജ സർട്ടിഫിക്കറ്റ് നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ വിധേയമായി സ്ഥാപന ലൈസൻസ് റദ്ദു ചെയ്ത് സിസ്റ്റത്തിൽ നിന്നും കുറവ് ചെയ്തതായും പുക പരിശോധനാ കേന്ദ്രങ്ങളിലും ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന ശക്തമാക്കുമെന്ന് ജോ. ആർ ടി ഒ സൂരജ് . എസ് അറിയിച്ചു. ഈ പുക പരിശോധന കേന്ദ്രം സംബന്ധിച്ചുള്ള ക്രമക്കേട് പുറത്ത് കൊണ്ട് വരാൻ സഹായകമായത് വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ചതിലൂടെ ആയിരുന്നു വെന്ന് വി. ശ്രീകുമാർ പറഞ്ഞു.