ലൈബ്രറിക്ക് പുതിയ മുഖം നൽകി ഫാ. ജോൺ; ആദരവർപ്പിച്ച് സർവകലാശാല

0
കളക്ഷനല്ല, കണക്ഷനാണ് പ്രധാനം-കാലത്തിനൊത്ത് ലൈബ്രറികൾക്കുണ്ടാകേണ്ട മാറ്റത്തേക്കുറിച്ച് ഫാ. ജോൺ നീലങ്കാവിലിന്റെ ആശയം ഇതാണ്. ലൈബ്രറികളിലെ അന്തരീക്ഷം വായനക്കാരെ അവിടേയ്ക്ക് അടുപ്പിക്കുന്ന രീതിയിലായിരിക്കണം എന്നാണ് ഇതിന്റെ സാരം. അദ്ദേഹത്തിന്റെ ഇതേ ആശയത്തിലൂന്നിയാണ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ലൈബ്രറി അടുത്തയിടെ മനോഹരമായി നവീകരിച്ചത്.
ബാംഗളൂർ ധർമാരം വിദ്യാ ക്ഷേത്രത്തിലെ ലൈബ്രേറിയനായ ഫാ. ജോണിന്റെ ആശയങ്ങളുടെ മികവിൽ ഇതിനോടകം രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി തൊണ്ണൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾ കാലോചിതമായി സജ്ജീകരിച്ചിട്ടുണ്ട്. സർവകലാശാലാ ലൈബ്രറികളിലെ സ്ഥലവിനിയോഗം സംബന്ധിച്ച ഗവേഷണത്തിന് പി.എച്ച്.ഡി നേടിയ ഇദ്ദേഹം 2003 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്നു.
പുസ്തകങ്ങളുടെ എണ്ണത്തിനും വലിയ ബുക്ക് റാക്കുകൾക്കുമപ്പുറം അറിവന്വേഷിക്കുന്ന എല്ലാവർക്കും സ്വസ്ഥമായി ഏറെ നേരം ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള അന്തരീക്ഷത്തിനാണ് പുതിയ കാലത്ത് ലൈബ്രറികൾ സജ്ജീകരിക്കുമ്പോൾ പ്രാധാന്യം നൽകേണ്ടത്. ഒരുപാട് ആശങ്ങൾ പിറക്കുന്ന സ്ഥലമെന്ന പ്രധാന്യം ലൈബ്രറികൾക്ക് നൽകാനാകണം. നവീകരിച്ച മഹാത്മാ ഗാന്ധി സർവകലാശാലാ ലൈബ്രറിയുടെ അന്തരീക്ഷം കൂടുതൽ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ പോന്നതാണ്-അദ്ദേഹം പറഞ്ഞു.
നവീകരണത്തിന്റെ തുടർച്ചയായി ഇന്നലെ ലൈബ്രറിയിൽ നടന്ന അക്കാദമിക് ഓഡിറ്റ് പരിപാടിയോടനുബന്ധിച്ച് ഫാ. ജോൺ നീലങ്കാവിലിനെയും ലൈബ്രറി നവീകരണ ജോലികൾ ഏകോപിപ്പിച്ച അജിത്ത് ജോസ് കുര്യനെയും വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ആദരിച്ചു. സർവകലാശാലാ ലൈബ്രറിയിലെ നിലവിലെ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ഭാവിയിൽ ഉപകരിക്കുന്ന നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി നടത്തിയ അക്കാദമിക് ഓഡിറ്റിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു പുഷ്പൻ, ഡോ. എ. ജോസ്, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ബീന മാത്യു, സെനറ്റ് അംഗം എം.എസ്. സുരേഷ്, സമീര വിജയൻ, ലൈബ്രേറിയൻ ലത അരവിന്ദ്, സി.ടി. സണ്ണി, സിജു ജോസ് എന്നിവർ സംസാരിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *