സ്ഥാനാർഥികളെ തോൽപ്പിക്കാം, സമാജത്തെ തോൽപ്പിക്കരുത് …! പ്ലീസ് …

ഒരു സരസ്വതീ ക്ഷേത്രത്തിന്റെ മുറ്റത്തഴിഞ്ഞാടിയ അങ്കക്കലിയും പോർവിളിയും മലയാളി സമൂഹത്തിന് തന്നെ നാണക്കേടായിരിക്കുന്നു. അധർമ്മത്തിനും ക്രമക്കേടുകൾക്കും എതിരെ ഉയർന്നു വരേണ്ട പുത്തൻ നാമ്പുകളായ യുവ സമൂഹം, കച്ച മുറുക്കി അങ്കത്തട്ടിൽ ചാടിക്കയറി വീറോടെ നടത്തിയ അക്രമ ഭാവങ്ങൾ ഇനിയും ആവർത്തിക്കരുത്. നാളത്തെ ഭരണാധികാരികൾ ആകേണ്ടവരെ, ഈ വിധത്തിൽ പരിശീലനം നടത്തി രംഗത്തിറക്കാൻ അവരുടെ പിതാക്കളും ഗ്രൂപ്പ് പ്രവർത്തകരും മുന്നിൽ നിൽക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം.
ഡോംബിവിലി കേരളീയ സമാജത്തിന്റെ ആന്വൽ ജനറൽ ബോഡി മീറ്റിംഗ് നടന്നത് സമാജത്തിന്റെ സ്വന്തമായ മോഡൽ കോളേജിലാണ്. വേദിയിലിരുന്ന ഒരു പുരുഷ ഭരണസമിതി അംഗം, സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ച വസ്തുത ഭരണസമിതി അംഗം കൂടിയായ ഒരു വനിത പരാമർശിച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്. സമാജത്തിന്റെ പ്രമുഖ പദവി അലങ്കരിക്കുന്ന ,വേദിയിലിരിക്കുന്ന അദ്ദേഹം ക്ഷമയോടെ കാര്യം കേൾക്കാതെ ക്ഷുഭിതനാകുന്നതും എന്തൊക്കെയോ വിളിച്ചുപറയുന്നതും കാണാനിടയായി .
തങ്ങളുടെ നേതാവിനെ കുറ്റപ്പെടുത്തിയപ്പോൾ, എന്തിനും തയ്യാറായി നിന്ന യുവ തുർക്കികളുടെ അഴിഞ്ഞാട്ടമാണ് പിന്നവിടെ കണ്ടത്. സദസ്സിൽ നിരവധി വനിതകൾ ഉണ്ടെന്ന കാര്യം വിസ്മരിച്ച് നെഞ്ചും വിരിച്ചുള്ള വെല്ലുവിളികൾ …തെറിവിളികൾ …!
സ്ത്രീകൾ ഉൾപ്പെടെ കസേരകൾ വലിച്ചെറിഞ്ഞും ചീത്ത വിളിച്ചും നടന്ന മൂന്ന് സന്ദർഭങ്ങൾ അവിടെ ആവർത്തിക്കുകയുണ്ടായി. സ്ത്രീ പരാജിതയും അപമാനിതയും ആകുന്നിടങ്ങളിൽ അവൾക്ക് വേണ്ടി വാദിക്കുവാൻ ഒരാളും അതുവരെ മുന്നോട്ട് വന്നിരുന്നില്ല.
ആ സമയത്ത് നമ്മൾ മലയാളികളുടെ സ്നേഹ സാഹോദര്യ സംസ്കാരത്തിന്റെ പൂത്തിരി വിതറിയ ചില മുദ്രാവാക്യങ്ങൾ കേൾക്കൂ :
“എന്റെ പിള്ളേരെ എങ്ങാനും തൊട്ടു കളിച്ചാൽ ഒന്നിനേം ഞാൻ വച്ചേക്കില്ല”. വേദിയിലിരുന്ന് ഭരണസമിതി അംഗത്തിന്റെ അങ്കക്കലി പൂണ്ട പോർവിളി !!.
“എടാ കണ്ണാ, കേറിക്കോടാ …” മറ്റൊരു ചേകവൻ അരികിലിരുന്ന് കമാൻഡ് കൊടുക്കുന്നു !!.
“നല്ല ട്രെയിനിങ് കിട്ടിയ പിള്ളേരാണ്”. കാഴ്ചക്കാരായി വന്നൊരാൾ !!!
ആനന്ദ ലബ്ധിക്കിനി എന്ത് വേണം !!.
ഇനി വരുന്ന മീറ്റിംഗുകളിലും കണ്ടറിയാം സമാജത്തിന്റെ ഭാവി വാഗ്ദാനങ്ങളുടെ അങ്കച്ചുവടുകൾ !!
* മലയാളികളുടെ പേരിലുള്ള സമാജം തറവാടിന്റെ വേദി അങ്കത്തട്ടാക്കി മാറ്റിയ പുതു തലമുറയ്ക്കും ;
* കസേര നിലത്തിട്ടടിച്ച് മുന്നിൽ നിന്നവന്റെ മുതുകത്ത് മുക്കൂറ്റിപ്പൂക്കളമിട്ട വനിതാ രത്‌നത്തിനും ;
* അവരെയൊക്കെ അരിയിട്ടു വാഴിച്ച ഭരണ സമിതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
എത്രയെത്ര രസകരമായ ആചാരങ്ങൾ !!!.
സ്കൂളിൽ മീറ്റിംഗ് നടത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞാലും ഉണ്ടാകുന്ന ശബ്ദശല്യങ്ങളെ കുറിച്ച് സമീപത്തുള്ള പല താമസക്കാരും പരാതികൾ പറയുന്നുണ്ട്. ഇത് പോലെയുള്ള സംഭവങ്ങളുടെ ആവർത്തനങ്ങൾ സമാജത്തിനും പൊതു മലയാളി സമൂഹത്തിനും എത്രയേറെ സാംസ്കാരിക മുറിവുകളാണ് ഉണ്ടാക്കുന്നത്.
മലയാളി സമാജം നയിക്കണ്ടത് മദ്യത്തിൻ്റെ പിൻബലത്തിൽ മസിൽ പവർകാണിക്കുന്നവരോ തെറ്റാതെ രണ്ടുവരി മലയാളത്തിൽ എഴുതാൻ കഴിയാത്തവരോ ആകരുത് .എല്ലാവർക്കും മാതൃകയാകേണ്ടവർ ആണ്.
“മോന്തായം വളഞ്ഞാൽ “…അറിയാലോ ?
ഇന്നത്തെ യുവത്വം വളരെ അസ്വസ്ഥരാണ്. വെറിയോടെ ഒരു പ്രദർശന വസ്തു ആയി സ്വയം മാറാൻ അവർക്ക് വല്ലാത്തൊരു വികാരമുണ്ട്. ഇതൊരു സരസ്വതീ ക്ഷേത്രമാണ്, പൊതു സമൂഹത്താൽ വീക്ഷിക്കപ്പെടും, മലയാളി യുവത്വത്തെ അവർ തെറ്റായി വിലയിരുത്തും. എന്നൊന്നും ചിന്തിക്കാൻ അവർക്ക് കഴിയില്ല. നാട്ടിലെ രാഷ്ട്രീയ സ്ഥിതി പോലെ ഇവിടേയും ഈ യുവത്വത്തെ തെറ്റായ ദിശയിൽ നയിക്കാൻ ചിലരുണ്ട് എന്നതാണ് സത്യം. ഇക്കാര്യം കുട്ടികളുടെ മാതാപിതാക്കൾ പോലും തിരുത്തുന്നില്ല. ജോസ് കല്ലൂപ്രയിൽ എന്ന മെമ്പർ തന്റെ പ്രസംഗത്തിൽ പറഞ്ഞത് പോലെ ഈയൊരു വിഷയത്തിൽ ഈ യുവത്വത്തെ തിരുത്തി അവരെ നല്ല വഴിയിലൂടെ നയിക്കാൻ ഈ ഭരണസമിതി അത്യാവശ്യമായി ഇടപെടേണ്ടിയിരിക്കുന്നു.കളരിയും കരാട്ടെയും പഠിപ്പിക്കുന്നത് സഹജീവികളെ ആക്രമിക്കാൻ വേണ്ടി ആയിരിക്കരുത് .
ഭാവിയിൽ സമാജത്തിന്റെ ഉത്തരവാദപ്പെട്ട പദവികൾ വഹിക്കാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാക്കി കൊടുക്കുവാനാണ് ഭരണസമിതി ശ്രദ്ധിക്കേണ്ടത്. അവർ വെറും ചിയറിങ് ടീമാകരുത്. അംഗബലം കൂട്ടുവാൻ വേണ്ടി മാത്രം അംഗങ്ങളെ ചേർക്കുമ്പോൾ, യുവത്വത്തെ സമാജത്തിന്റെ ചാവേറുകൾ ആക്കുക എന്ന ലക്ഷ്യം മാറ്റി നിർത്തണം . ആഘോഷരാവുകൾ കൊഴുപ്പിക്കാനും വിജയിപ്പിക്കാനുമായി മാത്രം ആടിപ്പാടാനും തല്ലാനുമായി ഉപയോഗപ്പെടുത്തുന്ന വെറും ‘ ടൂൾസുകളല്ല ‘അവർ .
അതാണ് ഉദ്ദേശ്യമെങ്കിൽ , നാളെ അവരുടേയും സമാജത്തിന്റേയും പേരും പ്രശസ്തിയും, ഭാവിയും നിലനിൽപ്പും അപകടത്തിലാകും.
ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം…
MOHAN C NAIR (Member/Keraleeya Samajam Dombivli )
- ‘മറുകുറി’യിലൂടെ ആർക്കും ഏത് വിഷയത്തിലും പ്രതികരിക്കാം .
പ്രസിദ്ധീകരണ യോഗ്യമായവ പ്രസിദ്ധീകരിക്കും.
പ്രതികരണത്തിൻ്റെ ഉത്തരവാദിത്വ൦ എഴുതുന്നവർക്കായിരിക്കും .
Views and thought expressed in the published articles are of the authors
and not necessarily reflect the views of Sahya News