സംസ്ഥാനത്തെ എലിപ്പനി മരണം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 മാസത്തിനിടെ എലിപ്പനി ബാധിച്ച മരിച്ചവരുടെ എണ്ണം 356 ആയി. എലിപ്പനിക്ക് പ്രതിരോധ മരുന്നും ചികിത്സയും ലഭ്യമാണെങ്കിലും രോഗം തിരിച്ചറിയാൻ വൈകുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയിൽ തന്നെ ഗുരുതരമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളക്കെട്ടും മലിനജല സമ്പർക്കവുമാണ് എലിപ്പനി അടക്കമുള്ള രോഗങ്ങൾ കൂടാൻ കാരണം. രാജ്യത്തെ ദ്രവമാലിന്യ സംസ്കരണ സംവിധാനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 16 ശതമാനം ദ്രവമാലിന്യങ്ങൾ മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കി അശാസ്ത്രീയമായി ഭൂമിയിലേക്ക് ഒഴുകുന്നു. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകം ഊന്നൽ നൽകേണ്ടതുണ്ട്.
