നിയമ സഭ തെരഞ്ഞെടുപ്പടുത്തു: ഡല്‍ഹിയില്‍ 12200 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

0

 

ന്യുഡൽഹി :ദേശീയ തലസ്ഥാനത്ത് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 12200 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്.നമോ ഭാരത് ട്രെയിനില്‍ സഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍ നിന്ന് ന്യൂഅശോക് നഗറിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയും ചെയ്‌തു. ഡല്‍ഹിയിലെ പ്രാദേശിക യാത്ര സൗകര്യം മെച്ചപ്പെടുത്തുകയാണ് തന്‍റെ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാനും ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് പല പദ്ധതികള്‍ക്കും ഇന്ന് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഹിബാബാദ് -അശോക് നഗര്‍ നമോ ഭാരത് ഇടനാഴിയും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.

സഹിബാബാദിനും-ന്യൂഅശോക് നഗറിനുമിടയിലുള്ള പതിമൂന്ന് കിലോമീറ്റര്‍ ഡല്‍ഹി ഗാസിയാബാദ്-മീററ്റ് നമോഭാരത് ഇടനാഴിക്ക് 4600 കോടിരൂപയാണ് നിര്‍മ്മാണച്ചെലവ്. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ലക്ഷക്കണക്കിന് പേര്‍ക്ക് ഈ അതിവേഗ പാതയുടെ ഗുണം ലഭിക്കും. സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ടമായ ജനകപുരി-കൃഷ്‌ണപാര്‍ക്ക് പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 2.8 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.രോഹിണിയില്‍ അദ്ദേഹം പരിവര്‍ത്തന്‍ റാലിയിലും മോദി പങ്കെടുത്തു.
ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലും വികസനം എത്തിക്കാനുള്ള ആലോചനകള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ്. ഡല്‍ഹിക്ക് പുറത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന പറഞ്ഞിരുന്നു. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് ആക്കം കൂട്ടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *