അർജന്‍റീന കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ലിയാൻഡ്രോ പീറ്റേഴ്‌സൺ

ദുബായ്: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ടീമിന്‍റെ മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്‍റീന ടീം കോച്ച് ലയണൽ സ്കലോണിയും ചടങ്ങിനെത്തിയിരുന്നു.
‘ഞങ്ങൾ കേരളത്തിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിമാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ലിയാൻഡ്രോ പറഞ്ഞു. ഇന്ത്യയിൽ ഞങ്ങളുടെ ടീമിന് ഇത്രയധികം ആരാധകരുണ്ടെന്നത് അഭിമാനകരമാണ്. അവരുടെ മുന്നിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സർക്കാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ലോകകപ്പിന് മുമ്പ് കേരളത്തിൽ കളിക്കാൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ രണ്ട് കളികള്‍ നടത്താന്‍ ആണ് ആലോചന.