നടുറോഡിലെ സമ്മേളനം; എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോടതിയിൽ ഹാജരാകണം
എറണാകുളം: വഴിയടച്ച് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം നടത്തിയതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം. സെക്രട്ടേറിയറ്റിൽ ജോയിന്‍റ് കൗൺസിൽ നടത്തിയ സമരത്തിൽ ബിനോയ് വിശ്വവും ഹാജരാകണം. കൊച്ചി കോർപറേഷന് മുന്നിലെ റോഡിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ ടിജെ വിനോദ് എംഎൽഎ, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിവരും ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്.
വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ പേരിലെടുത്ത കോടതിയലക്ഷ്യ കേസിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് തുടങ്ങിയവരുൾപ്പടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സെക്രട്ടേറിയറ്റിന് മുന്നിൽ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതിൽ ജോയിന്‍റ് കൗൺസിൽ സംഘടനാ നേതാക്കൾക്ക് പുറമേ സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരും ഹാജരാകണം.
കൊച്ചി കോർപറേഷനുമുന്നിൽ നടത്തിയ ധർണയുടെ പേരിൽ കോൺഗ്രസ് എംഎൽഎ ടിജെ വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഹാജരാകണം. ഫെബ്രുവരി 10നാണ് നേതാക്കൾ ഹാജരാക്കേണ്ടത്.