“തൃശൂരില്‍ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നു” ആരോപണവുമായി നേതാക്കൾ

0
MURALI

 “ആരോപണത്തിൽ അന്വേഷണം വേണം ” :വി എസ് സുനിൽ കുമാർ

തിരുവനന്തപുരം:തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തു. ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാൽ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും”:കെ. മുരളീധരൻ

തൃശൂരില്‍ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നത് നേരത്തെ ഉന്നയിച്ചതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ മുരളീധരൻ. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടതായി മുരളീധരൻ ആരോപിച്ചു. ഒരു എക്‌സിറ്റ് പോളിലും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. എന്നാൽ ബിജെപി വിജയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തു.”:DCC പ്രസിഡന്റ് ജോസഫ് ടാജറ്റ്

തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നുവെന്ന്  ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻപ് തന്നെ പരാതി നൽകിയിരുന്നതായും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു. എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചതെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.തിരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തു. സുരേഷ് ഗോപിയും ബന്ധുക്കളും സുഹൃത്തുക്കളും വോട്ടുകൾ ചേർത്തു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല.വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലായിരുന്നു. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. എന്നാൽ അത് സ്ഥിരതാമസക്കാരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. 10 ഫ്‌ലാറ്റുകളിൽ പരിശോധന നടത്തിയാണ് അമ്പതോളം പരാതികൾ അന്ന് നൽകിയത്. കളക്ടർക്ക് ഇക്കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായി. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡിസിസി അന്വേഷണം നടത്തും. ഏഴ് നിയോജക മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *