മുംബൈ ഇന്ത്യൻസിനെ നയിക്കണം, മോഹം തുറന്നുപറഞ്ഞ് സൂര്യ; പാണ്ഡ്യയെ കൈവിടില്ലെന്ന് മാനേജ്മെന്റ്

0

 

മുംബൈ∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ, തിലക് വർമ തുടങ്ങിയ പ്രധാന താരങ്ങളെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് തുടർച്ചയായ ചർച്ചകൾക്കു ശേഷം. ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാകണമെന്ന മോഹം ടീം മാനേജ്മെന്റിനെ അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തില്‍ ഉറപ്പൊന്നും നൽകാൻ സാധിക്കില്ലെന്നായിരുന്നു മുംബൈ ഇന്ത്യൻസിന്റെ നിലപാട്. അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെ മുംബൈയെ നയിക്കാനാണു സാധ്യത.

മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനെയും ടീം ഉടമ ആകാശ് അംബാനിയും പ്രധാന താരങ്ങളുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. താരങ്ങളെ നിലനിർത്തുന്നതിനു മുൻപ് അവരുടെ റോളിനെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ബോധ്യപ്പെടുത്താനായിരുന്നു ചർച്ചകൾ. ജസ്പ്രീത് ബുമ്ര ടീമിന്റെ വിലയേറിയ താരമാകണമെന്ന ആഗ്രഹമായിരുന്നു രോഹിത് ശർമ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ പങ്കുവച്ചത്. 18 കോടി രൂപ പ്രതിഫലം നൽകിയാണ് ബുമ്രയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. സൂര്യകുമാറിനും ഹാർദിക് പാണ്ഡ്യയ്ക്കും 16.35 കോടി രൂപയും രോഹിത് ശർമയ്ക്ക് 16.30 കോടി രൂപയുമാണ് മുംബൈ ഇന്ത്യൻസ് നൽകുക.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനാൽ നിലനിർത്തുന്ന താരങ്ങളിൽ നാലാമനാകാൻ രോഹിത് ശർമ തയാറായിരുന്നു. എന്തെങ്കിലും ഉപാധികളുണ്ടോയെന്ന് ചോദ്യമുയർന്നപ്പോഴായിരുന്നു ടീമിനെ നയിക്കാനുള്ള ആഗ്രഹം സൂര്യകുമാർ യാദവ് തുറന്നുപറഞ്ഞത്. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് മുംബൈ മാനേജ്മെന്റ് സൂര്യയെ അറിയിച്ചു. ടീമിൽ മികച്ച അന്തരീക്ഷം ഒരുക്കിയ ശേഷം നല്ല ഫലം ലഭിച്ചില്ലെങ്കിൽ മാത്രം ക്യാപ്റ്റനെ മാറ്റുന്ന കാര്യം ടീം പരിഗണിച്ചേക്കും. ടീമംഗങ്ങളെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യൻ ക്യാപ്റ്റനായ തനിക്കു സാധിക്കുമെന്ന് സൂര്യ ഉറപ്പു നൽകിയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *