മധ്യ തിരുവതാംകൂറിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും : ജോസ് കെ മാണി
കോട്ടയം: കോട്ടയം, ഇടുക്കി,പത്തനംതിട്ട, മാവേലിക്കര എന്നീ പാർലമെൻ്റ് സീറ്റുകളിലും ചാലക്കുടി മണ്ഡലത്തിലും എൽഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായപ്പോൾ എൽഡിഎഫിന് തുടർ ഭരണം ലഭിക്കാൻ കേരളത്തിൽ വഴിയൊരുക്കി.പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലത്തിലും ഈ വിജയ രീതി ആവർത്തിക്കും.പരമ്പരാഗ മേഖലകളിൽ യുഡിഎഫിന് ഉണ്ടായിരുന്ന ആധിപത്യം സമ്പൂർണ്ണമായും ഈ പാർലമെൻറ് തെരഞ്ഞെടുപ്പോടെ അവർക്ക് നഷ്ടപ്പെടും.യുഡിഎഫ് കാലങ്ങളായി വിജയിച്ചിരുന്ന പല സീറ്റുകളും ഇക്കുറി അവർക്ക് ലഭിക്കില്ല.കേരള കോൺഗ്രസ് എം സ്വാധീന മേഖലകളിലെല്ലാം യുഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങും.
ദേശീയതലത്തിൽ മോഡി ഗ്യാരണ്ടി എന്ന പ്രചരണം ബി ജെ പിക്ക് തിരിച്ചടിയായി.സ്വന്തം ഗ്യാരണ്ടി ബിജെപിക്ക് നഷ്ടമാകുന്ന നിലയിലേക്കാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറുന്നത്.400 സീറ്റ് എന്ന കെട്ടിപ്പൊക്കിയ പ്രചാരണം പാടെ തകർന്നടിഞ്ഞതിൻ്റെ അങ്കലാപ്പിലാണ് ബിജെപി .പ്രധാനമന്ത്രിയുടെ പദവിയിലിരുന്ന് ഒരിക്കലും പറയാൻ പാടില്ലാത്ത പച്ചയായ വർഗീയത പറഞ്ഞ് എങ്ങനെയെങ്കിലും രാജ്യത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നരേന്ദ്രമോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ തോമസ് ചാഴിക്കാടൻ, ഡോ. എൻ.ജയരാജ്, പി കെ സജീവ്,പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.