പിഎം ശ്രീ പദ്ധതി : ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
എല്‍ഡിഎഫ് നേതൃയോഗത്തില്‍ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച ചെയ്യാമെന്നും, അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മരവിപ്പിച്ചു നിര്‍ത്തുമെന്നും സിപിഎം നേതൃത്വം സിപിഐ സംസ്ഥാന നേതാക്കളെയും മറ്റു ഘടകകക്ഷി നേതാക്കളെയും അറിയിക്കും. എല്‍ഡിഎഫ് യോഗത്തിനു ശേഷം മാത്രമേ പദ്ധതിയിലെ തുടര്‍നടപടികളുണ്ടാകൂ എന്നും അറിയിക്കും. ഇതില്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാണ്. പിഎം ശ്രീ പദ്ധതിയില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ സിപിഐയുടെ അടിയന്തര സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ഇടതു നയത്തിനു വിരുദ്ധമായ പിഎം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാണ് സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയില്‍ മെല്ലെപ്പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. അനുനയ നീക്കം ഫലിച്ചില്ലെങ്കില്‍ ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നേക്കും.
