ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട് : ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ മാസം 24നാണ് നിയമ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍ സുഹൃത്ത് അല്‍ഫാന്റെ അറസ്റ്റ് ചേവായൂര്‍ പോലീസ് രേഖപ്പെടുത്തിയത്.വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടിയിലായത്.
ഫെബ്രുവരി 23 ന് രാത്രി ചായക്കടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ അല്‍ ഫാന്‍ മൗസയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഫാത്തിമ മൗസയില്‍ നിന്നും പ്രതി കൈക്കലാക്കിയ ഫോണ്‍ പൊലീസ് കണ്ടെടുത്തു. അല്‍ഫാനെതിരെ മഹാരാഷ്ട്രയില്‍ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.