ക്രമസമാധാനം മുഖ്യം, അക്രമം വച്ചുപൊറുപ്പിക്കില്ല: രേവന്ത് റെഡ്ഡി
ഹൈദരാബാദ് : തെലുഗു നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറലിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്രമസമാധാനത്തില്‍ ഒരു വീഴ്‌ചയും വരാന്‍ അനുവദിക്കില്ലെന്ന് എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ രേവന്ത് റെഡ്ഡി വ്യക്തമാക്കി.
ഇന്നലെ (ഡിസംബര്‍ 22) ആയിരുന്നു അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട യുവതിയ്‌ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകൾ നടന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ ഒരാള്‍ മതിലില്‍ കയറിനിന്ന് വീടിന് നേരെ തക്കാളി എറിഞ്ഞതോടെയാണ് സംഭവം വഷളായത്.