ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം ADMൻ്റെ മരണത്തിനിടയാക്കി : എം.വി ജയരാജൻ
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്നുവന്നത്, അന്നുതന്നെയാണല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത്. അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണ്. അതിനാലാണ് ഞങ്ങള്‍ പറഞ്ഞത്, അത് തെറ്റാണെന്ന്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കണ്ണൂര്‍ സമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയര്‍ന്നോയെന്ന ചോദ്യത്തിനായിരുന്നു എം വി ജയരാജന്റെ മറുപടി.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു .ദിവ്യയെ അനുകൂലിച്ചും ചിലർ സംസാരിച്ചു.