കനത്തമഴയെത്തുടർന്ന് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചു
അരുവിക്കര : മുളയറയിൽ കനത്തമഴയെത്തുടർന്ന് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചു. മുളയറ ഗാന്ധിജിനഗർ എസ്.എസ്. നിവാസിൽ ശിവകുമാറിന്റെയും ശ്രീകലയുടെയും കുന്നിൻപ്രദേശമായ പുരയിടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി രണ്ടുമണിയോടെയാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് വെളുപ്പിന് നാലരയോടെ രണ്ടാമതും മണ്ണിടിഞ്ഞു. ഇതോടെ വീടിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനും സമീപത്തെ മീനമ്പള്ളി തോട്ടിലേക്ക് ഒലിച്ചുപോയി. ശിവകുമാറും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിഞ്ഞത്. വൻ ശബ്ദം കേട്ടുണർന്ന ഇവർക്ക് വീടിനു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് ഇവർ പുറത്തിറങ്ങിയത്. ഏകദേശം 200 മീറ്ററോളം ഭാഗത്തെ മണ്ണ് ഇടിഞ്ഞുമാറി തോട്ടിൽ പതിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് വീട് അപകടാവസ്ഥയിലായി. വീടിന്റെ അടിഭാഗത്തെ ഒരു പില്ലർ ഉൾപ്പെടെ പുറത്തുകാണാവുന്ന നിലയിലാണ്. വീടിനു ഭാഗികമായി കേടും സംഭവിച്ചു.
