ലംബോർഗിനിക്കെതിരെ പൊട്ടിത്തെറിച്ച് റെയ്മണ്ട് ഗ്രൂപ്പ് മേധാവി ; ‘ഈ ധാർഷ്ട്യം എന്നെ ഞെട്ടിച്ചുകളഞ്ഞു

0

ഏകദേശം പത്തുകോടി രൂപയോളം മുടക്കി ആഗ്രഹിച്ച് സ്വന്തമാക്കിയ വാഹനം തുടക്കത്തില്‍ തന്നെ പണിമുടക്കിയാല്‍ എങ്ങനെയിരിക്കും. റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയക്ടര്‍ ഗൗതം സിംഘാനിയയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. ഇതോടെ വാഹനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാല്‍, ഗുരുതര ആരോപണമുണ്ടായിട്ടും വാഹന നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ലാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ അഞ്ചാം തീയതിയാണ് കോടികള്‍ മുടക്കി വാങ്ങിയ തന്റെ പുതിയ ലംബോര്‍ഗിനി റൂവുള്‍ട്ടോ, ഇലക്ട്രിക് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ഓട്ടത്തിനിടയില്‍ നിന്നുപോയതും വാഹനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഗൗതം സിംഘാനിയ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടായില്ലെന്നാണ് ഗൗതം കുറ്റപ്പെടുത്തുന്നത്.

‘ഞാന്‍ ഒരു ടെസ്റ്റ് ഡ്രൈവിനായി എന്റെ ലംബോര്‍ഗിനി റൂവുള്‍ട്ടോ എടുത്തു. എന്നാല്‍, കുറച്ചുദൂരം ഓടിയപ്പോള്‍ തന്നെ ഇലക്ട്രിക് സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്ന് വാഹനം ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ കുടുങ്ങി. ഇതൊരു പുതുപുത്തന്‍ കാറാണ്. ഈ വാഹനനിര്‍മാതാക്കളുടെ വിശ്വാസ്യത സംശയിക്കേണ്ടിവരും. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ ഈ പ്രശ്‌നം നേരിടുന്ന മൂന്നാമത്തെ സംഭവമാണിത് ‘ ഇങ്ങനെയായിരുന്നു ഗൗതം സിംഘാനിയുടെ ആദ്യ ട്വിറ്റര്‍ പോസ്റ്റ്.

പോസ്റ്റ് ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ലംബോര്‍ഗിനി ഇന്ത്യയുടെ മേധാവി ശരദ് അഗര്‍വാള്‍, ഏഷ്യ ഹെഡ് ഫ്രാന്‍സെസ്‌കോ സ്‌കാര്‍ഡോണി എന്നിവരെ മെന്‍ഷന്‍ ചെയ്താണ് ഗൗതമിന്റെ പുതിയ മെസേജ്. ഇവരുടെ ധാർഷ്ട്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. വാഹനം സ്വന്തമാക്കിയ ഒരു ഉപയോക്താവിന്റെ പരാതി എന്താണെന്ന് അറിയുന്നതിന് പോലും ഒരാളും തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

പ്ലെഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ലംബോര്‍ഗിനിയില്‍ നിന്ന് ആദ്യമായി എത്തിയ വാഹനമാണ് റൂവുള്‍ട്ടോ. ലംബോര്‍ഗിനി അവന്റഡോര്‍ എന്ന ഫ്ളാഗ്ഷിപ്പ് സൂപ്പര്‍കാറിന്റെ പിന്‍ഗാമിയായി എത്തിയ ഈ വാഹനത്തിന് 8.89 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. വേഗതയെ ഇഷ്ടപ്പെടുന്ന ആളുകള്‍ മത്സരിച്ച് ഈ വാഹനം സ്വന്തമാക്കിയതോടെ റൂവുള്‍ട്ടോയുടെ 2026 വരെയുള്ള യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.

6.5 ലിറ്റര്‍ വി12 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക് മോട്ടോറും 3.8 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കുമാണ് ലംബോര്‍ഗിനി റൂവുള്‍ട്ടോയ്ക്ക് കരുത്തേകുന്നത്. 825 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് കൂടി എത്തുന്നതോടെ 1015 എച്ച്. പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *