എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിൽ പുലർച്ചെ അഞ്ചോടെയാണ് മോഹൻലാൽ എത്തിയത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഒരുപാട് വർഷത്തെ ബന്ധം, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നിരിക്കുന്ന ആളുമാണ്.
ഒന്ന് രണ്ട് ദിവസം അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും കഴിഞ്ഞു. അമൃതം ഗമയ എന്ന ചിത്രത്തിൽ. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആളുകളായിരുന്നു. അവസാനമായി ഞാൻ ചെയ്തിരിക്കുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. സെറ്റിൽ അദ്ദേഹത്തിനൊപ്പം ഒരുപാട് സംസാരിക്കുകയും ചെയ്തു.
എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്, സംസ്കൃത നാടകങ്ങൾ കാണാനായിട്ട്. കോഴിക്കോട് എത്തുമ്പോഴും കാണുമായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞു. ഞാൻ ആശുപത്രിയിൽ വിളിച്ച് അന്വേഷിക്കുകയൊക്കെ ചെയ്തിരുന്നു”. – മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.