‘എമ്പുരാനി’ൽ നിന്നും ലൈക്ക പിന്മാറിയിട്ടില്ല; കുപ്രചരണങ്ങൾ തള്ളി പൃഥ്വിരാജ്
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്‌ഷൻസ് പിന്മാറിയെന്ന ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്. സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുപ്രചരണങ്ങൾക്കുള്ള മറുപടി താരം കുറിച്ചത്. ‘എമ്പുരാൻ’ ലൊക്കേഷനിൽ നിന്നുള്ള അടിക്കുറിപ്പിൽ ലൈക പ്രൊഡക്‌ഷൻസ്, ആശീർവാദ് സിനിമാസ് എന്നിവരെ ടാഗ് ചെയ്തു. കൂടാതെ ലൈക പ്രൊഡക്‌ഷൻസ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ താരത്തിന്റെ പോസ്റ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് ഷെഡ്യൂൾ ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നുവെന്നും പൃഥ്വിയുടെ കുറിപ്പിൽ പറയുന്നു.‘എമ്പുരാന്റെ’ നിർമാണത്തിൽ നിന്ന് പൂർണമായി ലൈക്ക പിന്മാറിയെന്നും ഇതുവരെ ചെലവാക്കിയ മുഴുവൻ തുകയും ലൈക്ക തിരികെ ചോദിച്ചെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.
നിലവിൽ എമ്പുരാന്റെ ഷൂട്ടിങ് നൂറ് ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിലായിരുന്നു എമ്പുരാന്റെ ചിത്രീകരണം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ സംഘം ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിച്ചത്. ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ഇനി ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.