കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്: ആരോപണം തള്ളി മെഡിക്കല്‍ കോളജ്

0

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. മരിച്ചരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ(44)യാണെന്നാണ് ടി സിദ്ദീഖ് എംഎല്‍എ അറിയിച്ചത്.

നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ പറഞ്ഞു. അപകടത്തില്‍ മരിച്ചത് എത്രപേര്‍ ആണെന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖിന്റെ ആരോപണം മെഡിക്കല്‍ കോളജ് അധിതൃതര്‍ തള്ളി.

ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചെന്ന ആരോപണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തള്ളി. രോഗികള്‍ മരിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ കാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

തീപിടിത്തമുണ്ടായതിനു പിന്നാലെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്.

രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *