കുവൈത്തിൽ വൻ തീപിടിത്തം; മലയാളികളടക്കം 49 പേർ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റിൽ ആണ് തീപിടിത്തം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.
കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീറിനെയാണ് തിരിച്ചറിഞ്ഞത്. എൻബിടിസി കമ്പനിയിലെ ഡ്രൈവറാണ് ഇദ്ദേഹം.
പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ കഴിയുകയാണ്. നിരവധി തമിഴ്നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 196 പേരായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ നമ്പർ: +965-65505246
മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.
സംഭവത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തിയിരുന്നു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല