കുവൈറ്റിലുണ്ടായ തീപിടിത്തം; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കുവൈത്തില്‍ മാഗെഫിലെ99 തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായി മോദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായാണ് റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 11 മലയാളികള്‍ മരിച്ചതായാണ് വിവരം. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിനകത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേര്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. നിലവില്‍ ആറ് മലയാളികള്‍ ഐസിയുവില്‍ കഴിയുന്നതാണ് വിവരം. അപകടത്തില്‍പ്പെട്ടവരില്‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായായാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ പേരേയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം