മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും: കുവൈത്ത് സര്‍ക്കാര്‍

0

കുവൈത്ത് സിറ്റി: തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈത്ത് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ അല്‍ ഖബാസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. കുവൈത്തില്‍ ജോലിയ്‌ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്‍ബിടിസി കമ്പനി മാനേജ്മെന്റ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

കുവൈത്ത് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ജൂൺ 12ന് പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 23 പേർ മലയാളികളാണ്.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്തായിരുന്നു. കമ്പനിയിലെ ജീവനക്കാരെ എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വര്‍ഷമായി കുവൈറ്റിലാണ് താന്‍ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താന്‍ സ്‌നേഹിക്കുന്നു. ഇന്ത്യന്‍ എംബസി നന്നായി കാര്യങ്ങള്‍ ചെയ്‌തെന്നും കേന്ദ്രത്തിന്റെ നല്ല ഇടപെടല്‍ കാരണമാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *