കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവർക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അപകടത്തിൽ പെട്ടതിൽ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങൾ ഉടൻ എംബസി കേന്ദ്ര സർക്കാരിന് കൈമാറും.
തീപിടിത്തത്തിൽ മരിച്ചവരിൽ ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന് നായർ, വാഴമുട്ടം സ്വദേശി പി വി മുരളീധരന്, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി സാജു വർഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂർണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരിൽ 11 പേർ മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ രണ്ട് ഫിലിപ്പൈൻ സ്വദേശികളും ഓരോ പാകിസ്താൻ, ഈജിപ്ഷ്യൻ സ്വദേശികളും മരിച്ചതായാണ് വിവരം. 16 പേരെ തിരിച്ചറിയാനുണ്ട്.
ഷോർട് സർക്യൂട്ടിൽ നിന്ന് ഗ്യാസിലിണ്ടറിലേക്ക് തീപടർന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടർന്ന സാഹചര്യത്തിൽ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരിൽ പലരും ചികിത്സയിലാണ്. ഇവരിൽ ചിലർ മരിച്ചതായും വിവരമുണ്ട്. തീപടർന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തൊഴിലാളികൾ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്