കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ 2023-ൽ റോഡ് അപകടങ്ങളിൽ 296 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 2024 -ലെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്കുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ബ്രിഗേഡിയർ നവാഫ് അൽ-ഹയാൻ പറഞ്ഞു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വേഗത പരിധി കവിഞ്ഞതിൽ ആണ് ഏറ്റവും കൂടുതൽ നിയമലംഘനം നടന്നത്. 40 ലക്ഷത്തിലധികം വരുമിത്. ചുവന്ന ലൈറ്റ് കടന്ന കേസുകൾ 8.5 ലക്ഷത്തിൽ അധികമാണ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത് മൂന്ന് ലക്ഷം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം 1.85- ലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രധാന നിയമലംഘനങ്ങൾ
‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യത്തിൽ മാർച്ച് മൂന്നു മുതൽ 10 വരെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് നടത്തുമെന്നും അൽ ഹയാൻ പറഞ്ഞു. ഗതാഗത അവബോധം പ്രചരിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി. ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, റെഡ് സിഗ്നൽ ലംഘിച്ച് വാഹനമോടിക്കുക, അമിത വേഗത്തിൽ പോകുക എന്നിവയാണ് അപകടങ്ങളുടെ പ്രധാനകാരണം. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണവും മരണവും കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2022ൽ രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചിരുന്നു. 2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 4,237,454 ട്രാഫിക് ലംഘനങ്ങളാണ്. 2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആണ്. 2020ൽ 352 പേർ അപകടത്തിൽ മരിച്ചിരുന്നു. 2019ൽ 365, 2018ൽ 401, 2017ൽ 424, 2016ൽ 429 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.