അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യു എൻ
ന്യൂഡൽഹി: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു.കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഈ ഡി ആവശ്യപ്രകാരം വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഏപ്രിൽ ഒന്നു വരെയാണ് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് കെജ്‍രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.