ഷുഗർ നില 300 കടന്നു; കെജ്രിവാളിന് ഇൻസുലിൻ നൽകി തീഹാർ ജയിൽ അധികൃതർ
ഡൽഹി: തിഹാർ ജയിലിൽ തടവിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷുഗർ നില ഉയർന്നതിനാൽ അധികൃതർ ഇൻസുലിൻ നൽകി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി വർധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. കുറെ ദിവസങ്ങളായി ഉയർന്നുനിന്ന രാഷ്‌ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറായത്. കെജ്രിവാളിന് ഇൻസുലിൻ നൽകാതിരുന്നത് ഏറെ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു.
അതേസമയം, കെജ്രിവാളിന് ആരോഗ്യ പ്രശ്നമില്ലെന്നായിരുന്നു തിഹാർ ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ വ്യക്തമാക്കുന്നത്. മറ്റു തടവുകാരെ പോലെ കെജ്രിവാൾ സാധാരണ ജീവിതം നയിക്കുകയാണ്. ജയിലിൽ കഴിയുന്നആയിരത്തിനടുത്ത് തടവുകാർക്ക് പ്രമേഹമുണ്ട്. എന്നാൽ കെജ്രിവാളുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പ്രശ്നമാണ് ഉയരുന്നത്. അതിലേക്ക് കടക്കാൻ ഇല്ലെന്നും ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ കൂട്ടിച്ചേർത്തു.
കെജ്രിവാളിന് തന്റെ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കെജ്രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്‌പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപം നല്കാൻ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.