കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 27 പേർ ആശുപത്രിയിൽ
തൃശൂർ: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ സെൻ്ററിന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സെയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിലുള്ളത്.
കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. പരാതി ഉയർന്നതോടെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷ്യവസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല.
ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൽ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. നാദാപുരം വരിക്കോളി ജ്വാല ലൈബ്രറിക്ക് സമീപം മൊട്ടോൽ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് വിഷബാധയേറ്റത്. ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റീജയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി