കുഴൽമന്ദം രാമകൃഷ്ണനെയും പത്ത്, പ്ലസ് ടു വിജയികളെയും ആദരിച്ചു.
ഷാർജ : പ്രശസ്ത മൃദംഗ വാദ്യ കലാകാരനും ഗിന്നസ് ജേതാവുമായ കലാശ്രീ കുഴൽമന്ദം രാമകൃഷ്ണനെ പാലക്കാട് പ്രവാസി സെന്റർ ആദരിച്ചു. ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിൽ വിജയം കൈവരിച്ച പ്രവാസി സെന്റർ കുടുംബത്തിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സെന്റർ അംഗം രവീന്ദ്രൻ കിട്ടുവിനും കുടുംബത്തിനും യാത്രയയപ്പും നൽകുകയുണ്ടായി.
ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പാലക്കാട് പ്രവാസി സെന്റർ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദര സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീപ്രകാശ്, ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പാൾ പ്രമോദ് മഹാജൻ, സെന്റർ ഭാരവാഹികളായ രവിശങ്കർ, ശശികുമാർ ചിറ്റൂർ, പോൾസൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആദരവിന് കുഴൽമന്ദം രാമകൃഷ്ണൻ മറുപടി പറഞ്ഞു.
ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സ്വാഗതവും ജോ സെക്രട്ടറി മനോജ് ശങ്കർ നന്ദിയും പ്രകാശിപ്പിച്ചു. സംഗീത ശ്രീകാന്ത്, മേതിൽ സതീശൻ എന്നിവർ യോഗത്തിൽ അവതാരകരായിരുന്നു.
യോഗാനന്തരം കുഴൽമന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച വാദ്യസംഗീതം ആസ്വാദകർക്ക് ഹൃദ്യമായ അനുഭൂതി പകർന്നു. അദ്ദേഹം രൂപകല്പന ചെയ്ത ശ്രീമൃദു എന്ന നവീന വാദ്യവിശേഷത്തെയും അതിന്റെ പ്രയോഗ സാധ്യതകളെയും സദസ്സിന് പരിചയപ്പെടുത്തി.