കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനൽ കടുത്തതോടെ ഉയർന്ന താപനില കാരണം വൈദ്യുതി മുടക്കവും പതിവാകുമെന്ന് വിലയിരുത്തൽ. 50 താപനില ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ബുധനാഴ്ച രാവിലെ വൈദ്യുതി ഉപഭോഗ സൂചിക റെഡ് സോണിലേക്ക് പ്രവേശിച്ചു. 16,393 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച 16,030 മെഗാവാട്ടിനെക്കാൾ 363 മെഗാവാട്ട് കൂടുതലാണിത്. വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം മൊത്തം 51 പ്രദേശങ്ങളിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. മൂന്ന് കാർഷിക മേഖലകൾ, അഞ്ച് വ്യാവസായിക മേഖലകൾ, 43 റസിഡൻഷ്യൽ മേഖലകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. വൈദ്യുതി മുടക്കം വ്യത്യസ്ത സമയ ദൈർഘ്യങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെ, ഈ വേനൽക്കാലത്ത് അവ പൂർണ്ണമായി പ്രവർത്തിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പായി വൈദ്യുത ലോഡിൽ ഗണ്യമായ വർധന ഉണ്ടായതിനാലാണ് ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം എന്ന് മന്ത്രാലയം വിശദീകരിച്ചു.