കുത്തിയോട്ടവും ചൂരൽമുറിയൽ ചടങ്ങും
കുത്തിയോട്ടവും ചൂരൽമുറിയൽ ചടങ്ങും
ഹരിദാസ് പല്ലാരിമംഗലം
…. കുത്തിയോട്ടം …
ദക്ഷിണ കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ദ്രാവിഡ അനുഷ്ഠാന കലയാണ് കുത്തിയോട്ടം.
ഭക്തജനങ്ങൾ ആദി പരാശക്തിക്ക് വഴുപാടായി സമർപ്പിയ്ക്കുന്ന ചടങ്ങാണ് കുത്തിയോട്ടം. ചെട്ടികുളങ്ങര ക്ഷേത്രo, ആറ്റുകാൽ ക്ഷേത്രം, കാർത്തികപ്പള്ളി വലിയ കുളങ്ങര ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തി വരാറുണ്ട്. ഓരോ ക്ഷേത്രങ്ങളിലും കുത്തിയോട്ട പാട്ടുശീലുകളും അനുഷ്ഠാന രീതികളും വ്യത്യസ്തമാണ്.
ചെട്ടികുളങ്ങര
കുംഭ ഭരണി ലോക പ്രശസ്തമാണ്. UNESCO യുടെ അന്താരാഷ്ട്ര പൈതൃക പട്ടികയിൽ ഇടഠ നേടിയ ചെട്ടികുളങ്ങര ഭരണി നാൾ കെട്ടുകാഴ്ച കാണുവാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സ്വദേശികളും വിദേശികളും എത്തിച്ചേരുക പതിവാണ്.
ചെട്ടികുളങ്ങരയുടെ പരിസര പ്രദേശങ്ങളിൽ നിരവധി കുത്തിയോട്ട സംഘങ്ങളും പ്രമുഖരായ ആശാൻമാരുമുണ്ട്.
പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകളാണ് കുത്തിയോട്ടത്തിന് പാടുക.
കുത്തിയോട്ടത്തിനായി ബാലൻമാർക്കും മുതിർന്ന പുരുഷൻമാർക്കും എല്ലാവിധ അനുഷ്ഠാനപരമായ ചടങ്ങുകളും ശിവരാത്രി നാൾ ഭരണിനാൾ വരെ പഠിപ്പിച്ചു കൊടുക്കുന്നു.
ഇത്തവണ ചെട്ടികുളങ്ങര ഭരണി നാളിനു ശേഷമാണ് ശിവരാത്രിയെങ്കിലും പതിവുപോലെ കുംഭഭരണിയ്ക്ക് ഒരാഴ്ച മുൻപുതന്നെ കുത്തിയോട്ട വഴുപാട് സമർപ്പണത്തിന്റെ ചുവടു വെയ്പും ഒരുക്കങ്ങളും വഴുപാട് സമർപ്പണ വീടുകളിൽ ആരംഭിക്കും.
ഈ ഏഴു ദിവസവും വഴുപാട് സമർപ്പിക്കുന്ന വീടുകളിൽ കാഴ്ചക്കാരായി വരുന്ന ആയിരക്കണക്കിന് ആളുകൾക്കുൾപ്പെടെ ദിവസവും മൃഷ്ടാന്ന ഭക്ഷണവും നൽകി വരുന്നു.
ഏഴാം ദിനം ഭരണിനാളിൽ വഴുപാടു വീടുകളിൽ കുത്തിയോട്ട വഴുപാടിനു സമർപ്പിച്ച ബാലൻമാരെ ഘോഷയാത്രയായി കരകളിലെ കെട്ടുകാഴ്ചകളുടെ ചുവട്ടിലെത്തിച്ച്
“ചൂരൽ മുറിയൽ ” ചടങ്ങിനു ശേഷം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നു.
ചൂരൽമുറിയൽ ചടങ്ങ്
ബാലൻമാരുടെ തലയിൽ കിന്നരി വെച്ച തൊപ്പി, മണിമാല, കയ്യിൽ മടപ്പും കാപ്പും മേനിയാകെ കളഭം പൂശി കസവുമുണ്ടിൽ തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി ഇരു കൈകളും ചേർത്ത് ശിരസിനു മുകളിൽ ഉയർത്തിപ്പിടിച്ച കൈകളിൽ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിച്ചു കൊടുക്കുന്നു.വഴുപാട് ബാലൻമാരുടെ ശരീരത്തിന്റെ ഇരുവശങ്ങളിലെ തൊലികളിൽ കൂടി സ്വർണ്ണമോ വെള്ളിയോ കൊണ്ടു നിർമ്മിച്ച നേർത്ത നൂൽകൊരുത്തു കയറ്റും (ഈ ചടങ്ങാണ് ചൂരൽ മുറിയൽ).
വെഞ്ചാമരം കൊണ്ട് വീശി, പനിനീർ തളിച്ചും ബാലൻമാരെ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി ആനയിയ്ക്കുന്നു.
പരിശീലിപ്പിച്ച നാലു പാദം കുത്തിയോട്ട ശീലുകളുടെ ചുവടുകൾ ഭഗവതിയുടെ തിരുമുൻപിൽ കാഴ്ച വെച്ചതിനു ശേഷം ലോഹ നൂലുകൾ ബാലൻമാരുടെ ശരീരത്തിൽ നിന്നും ഊരിയെടുത്ത് ഭഗവതിയ്ക്ക് സമർപ്പിച്ച് കഴിഞ്ഞാൽ കുത്തിയോട്ടം വഴുപാട്നേർച്ച പൂർത്തിയാകുന്നു.